അങ്കമാലി മാങ്ങാക്കറി
അങ്കമാലി മാങ്ങാക്കറി കണ്ടോടീ മോളേ...
ഇതൊരു പാട്ടിന്റെ ആദ്യ വരിയാണ്... അങ്കമാലി മാങ്ങാക്കറി ഉണ്ടാക്കാന്‍ പഠിപ്പിച്ചു തരുന്ന പാട്ടിന്റെ വരി. അങ്കമാലി കല്യാണത്തിന് ചെക്കന്മാര്‍ ഉണ്ടാക്കുന്ന മാങ്ങാക്കറിയാണ് പാട്ടിന്റെ ഉള്ളടക്കം.
പന്നിയിറച്ചി പോലെ തന്നെ അങ്കമാലിക്കാര്‍ക്ക് പ്രിയപ്പെട്ട വിഭവമാണ് മാങ്ങാക്കറിയും.
അങ്കമാലിയുടെ ട്രേഡ്മാര്‍ക്ക് തന്നെയാണ് ഈ മാങ്ങാക്കറി എന്ന് നിസംശയം പറയാം. നിനക്ക് ഈ ഈ മാങ്ങാക്കറി ഉണ്ടാക്കാന്‍ അറിയാമോ എന്ന് പെണ്ണുകാണല്‍ ചടങ്ങില്‍ അങ്കമാലിയിലെ പെണ്‍കുട്ടികള്‍ക്ക് നേരിടുന്ന ഒരു പ്രധാന ചോദ്യവും ആണ്. അത്രയുംഉണ്ട് ഈ മാങ്ങാക്കറി പ്പെരുമ.
ആഘോഷങ്ങളിലും സല്‍ക്കാരങ്ങളിലും ഒഴിവാക്കാനാവാത്ത വിഭവം.
അങ്കമാലി മാങ്ങാക്കറി
ചേരുവകള്‍
മാങ്ങ - രണ്ട് വലുത്
സവാള - രണ്ട് ഇടത്തരം
ചുവന്നുള്ളി - 8
ഇഞ്ചി- ഇടത്തരം കഷണം
പച്ചമുളക്- നാല്
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
മുളകുപൊടി- രണ്ടര സ്പൂണ്‍
മല്ലിപ്പൊടി- നാല് സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
ഒന്നാംപാല്‍- രണ്ടര തേങ്ങയുടേത്
രണ്ടാംപാല്‍- രണ്ട് കപ്പ്
ഇത്രയുമായാല്‍ അങ്കമാലി സ്പെഷ്യല്‍ മാങ്ങാക്കറിയുടെ ഏറ്റവും സുപ്രധാന ഭാഗമായ മസാല ഉണ്ടാക്കുന്നതിലേക്ക് കടക്കാം.
അരിഞ്ഞുവച്ചിരിക്കുന്ന ചേരുവകളെല്ലാംകൂടി ഒരു പാത്രത്തിലേക്കിട്ട് അല്‍പം വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മിയുടച്ച് യോജിപ്പിക്കുക.
മാങ്ങ വലിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്.
അടുത്തതായി സവാള കനംകുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. ഇനി ചുവന്നുള്ളി നാലായി കീറിയെടുക്കുക. അടുത്തത് ഇഞ്ചി നീളത്തില്‍ കൊത്തിയരിഞ്ഞെടുക്കുക. പച്ചമുളക് നീളത്തില്‍ രണ്ടായി കീറിയെടുക്കുക.
ഇനി മറ്റൊരു പാത്രത്തില്‍ മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും കൂടി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം വെളിച്ചെണ്ണയും ഉപ്പും കൂടി ചേര്‍ത്തിളക്കുക. ഇനി വേണം ഇത് സാവളയും മറ്റു ചേരുവകളും തിരുമ്മി യോജിപ്പിച്ച കൂട്ടിലേക്ക് ചേര്‍ക്കാന്‍.
ഇനി ഇതിലേക്ക് തേങ്ങ പിഴിഞ്ഞെടുത്ത് രണ്ടാംപാല്‍ ഒഴിക്കാന്‍. തേങ്ങാപ്പാല്‍ കൂടി ചേര്‍ത്തിളക്കിയാല്‍ മാങ്ങാക്കറിയുടെ ഏറ്റവും അഭിവാജ്യ ഘടകമായ മാങ്ങ ചേര്‍ക്കാം.
അരപ്പിലേക്ക് മാങ്ങ ചേര്‍ത്തിളക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, മാങ്ങാക്കഷണങ്ങള്‍ ഉടയാന്‍ പാടില്ല. ഏതെങ്കിലും ഒരു വശത്തേക്ക് ഇളക്കിയാല്‍ മാങ്ങ ഉടയാതെ അരപ്പുമായി നന്നായി ചേര്‍ത്തിളക്കാന്‍ കഴിയും.
ഇനി വേണം കറി അടുപ്പത്ത് വയ്ക്കാന്‍. ചെറിയ തീയില്‍ വേണം വേവിക്കാന്‍. കറി തിളച്ച് മാങ്ങ നന്നായി വെന്തുകിട്ടുന്നതാണ് കറിയുടെ പരുവം. മാങ്ങ വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് തേങ്ങയുടെ ഒന്നാംപാല്‍ ഓഴിക്കുക. ചെറിയ തീയില്‍ ആക്കിയ ശേഷം വേണം തേങ്ങാപ്പാല്‍ ഒഴിക്കാന്‍.
തേങ്ങാപ്പാലൊഴിച്ച് ഇളക്കി ഒരു തിള വന്നാല്‍ കറി അടുപ്പില്‍ നിന്നും വാങ്ങണം. അല്ലെങ്കില്‍ പാല്‍ പിരിഞ്ഞുപോകും. കറി ഏകദേശം രണ്ട് മൂന്ന് മണിക്കൂര്‍ തണുക്കാന്‍ അനുവദിക്കുക. ഇനി കടുക് വറുത്ത് കറിയ്ക്കു മുകളിലായി താളിക്കുക. അങ്കമാലി സ്‌റ്റൈലില്‍ നല്ല കിടിലന്‍ മാങ്ങാക്കറി തയ്യാര്‍.
വിവരങ്ങള്‍ നല്‍കിയത് Ceylon Bake House Kochi
Comments
Post a Comment